02:16pm 07 November 2026
NEWS
വിഘ്നേഷ് പുത്തൂ‍ർ തിളങ്ങി, ഒമാനെ 66 റൺസിന് തോല്പിച്ച് കേരളം.
29/09/2026  03:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിഘ്നേഷ് പുത്തൂ‍ർ തിളങ്ങി, ഒമാനെ 66 റൺസിന് തോല്പിച്ച് കേരളം



ഒമാനെതിരെ 66 റൺസിൻ്റെ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 38.5 ഓവറിൽ 150 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിഘ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഒമാൻ ബാറ്റിങ് നിരയെ തകർത്തത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈയും കൃഷ്ണപ്രസാദും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത കൃഷ്ണപ്രസാദ് റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് ഉറച്ചുനിന്ന ഗോവിന്ദ് ദേവ് പൈ 75 റൺസെടുത്തു. 77 പന്തുകളിൽ പത്ത് ബൗണ്ടറികളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിങ്സ്. എന്നാൽ ഗോവിന്ദ് പുറത്തായതിന് പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. അർജുൻ (12), അബ്ദുൾ ബാസിദ് (0), കാർത്തിക് ബി നായർ (2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ആറ് വിക്കറ്റിന് 150 റൺസെന്ന നിലയിലായ കേരളത്തെ അഖിൽ സ്കറിയയുടെ അർദ്ധ സെഞ്ച്വറിയാണ് 216-ൽ എത്തിച്ചത്. അഖിൽ 63 പന്തുകളിൽ നിന്ന് 59 റൺസുമായി പുറത്താകാതെ നിന്നു. ഒമാന് വേണ്ടി ഹസ്നെയ്ൻ അലി ഷാ നാലും അബ്ദുൾ ഖാൻ ഖാലിക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ ബൗളർമാർ മത്സരത്തിൽ പിടിമുറുക്കി. എസ് കരൺ (39), വിനായക് ശുക്ല (33), ജതീന്ദർ സിങ് (28) എന്നിവർ മാത്രമാണ് ഒമാൻ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 139 റൺസെന്ന നിലയിലായിരുന്ന ഒമാൻ 11 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. 7.5 ഓവറിൽ വെറും 37 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വിഘ്നേഷ് പുത്തൂരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ബിജു നാരായണനും കാർത്തിക് ബി നായരും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img